ഗ്രാമപഞ്ചായത്ത് ചരിത്രം

വീരേതിഹാസങ്ങളുടെ ചരിത്രമുറങ്ങുന്ന കടത്തനാടന്‍ പ്രദേശങ്ങളുടെ സമീപപ്രദേശമായിരുന്ന പയ്യോര്‍മല പ്രദേശത്ത് ഉള്‍പ്പെട്ടിരുന്ന ചെറുവണ്ണൂരില്‍ കടത്തനാടന്‍ കളരികളുടെ ചുവടുപിടിച്ചുള്ള അയോധനമുറകളില്‍ പ്രാവീണ്യം നേടിയ ഒട്ടേറെ പേരുണ്ടായിരുന്നു. കളരികള്‍ മികച്ച കായിക പരിശീലനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു.പഞ്ചായത്തില്‍ ആദ്യമായി റോഡ് ഗതാഗതം ആരംഭിക്കുന്നത് മേപ്പയൂരുമായി ബന്ധപ്പെടുത്തിയാണ്. അന്ന് നിലവിലുണ്ടായിരുന്ന തോട് നികത്തിയാണ് ഇന്നത്തെ ചെറുവണ്ണൂര്‍ മേപ്പയൂര്‍ റോഡ് നിര്‍മ്മിച്ചത്.സ്വാതന്ത്ര്യസമരനാളുകളില്‍ സമരപഥങ്ങളില്‍ അണിനിരന്ന പാരമ്പര്യമുളള പഞ്ചായത്താണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്. ക്വിറ്റിന്ത്യാ സമരം തുടങ്ങിയ ചരിത്രപഥങ്ങളില്‍ സ്വാതന്ത്ര്യസമര യോദ്ധാക്കളെ അണിനിരത്തുന്നതില്‍ നേതൃത്വം നല്‍കിയവരാണ് ഇ.സി.അപ്പുനമ്പ്യാര്‍, ഇ.വാസു എന്നിവര്‍.ചത്താലും ചെത്തും കൂത്താളി എസ്റ്റേറ്റ് എന്ന മുദ്രാവാക്യം ഒരു കാലഘട്ടത്തില്‍ പഞ്ചായത്തിലാകെ മുഴങ്ങിക്കേട്ടവയാണ്. കൃഷിഭൂമിയ്ക്കുവേണ്ടിയുള്ള പ്രസിദ്ധമായ കൂത്താളി കര്‍ഷക സമരത്തിന്റെ ഭാഗമായി നിരവധി പേര്‍ അണി ചേര്‍ന്നു.സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഐ.എന്‍.എ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് മിലിട്ടറി ചാത്തു എന്ന പേരില്‍ അറിയപ്പെട്ട കോട്ടച്ചാലില്‍ മീത്തല്‍ ചാത്തുവും മലോല്‍മീത്തല്‍ കണ്ണനും ഈ പഞ്ചായത്ത് നിവാസികളായിരുന്നു.ഒരുപിടി നാടുവാഴികളുടെയും ജന്മി കുടുംബങ്ങളുടെയും കൈപ്പിടിയിലായിരുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും പില്‍ക്കാലത്ത് കുടിയാന്മാര്‍ക്ക് ചാര്‍ത്തികൊടുക്കുക വഴി പാട്ട വ്യവസ്ഥയില്‍ കുടിയാന്മാരില്‍ എത്തിച്ചേര്‍ന്നു. 1983-ല്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത ചാനിയന്‍ കടവ് പാലം ഈ പഞ്ചായത്തിലെ യാത്രാ സൌകര്യത്തിന് വിപ്ളവകരമായ മാറ്റം വരുത്തിയിട്ടുണ്ട്. സാംസ്കാരിക കേരളത്തിന്റെ വളര്‍ച്ചയില്‍ ഒട്ടും അപ്രധാനമല്ലാത്ത പങ്ക് ചെറുവണ്ണൂര്‍ പഞ്ചായത്തിനുമുണ്ട്. പ്രസിദ്ധ സാഹിത്യകാരനായ ആവള ടി.കുഞ്ഞിരാമക്കുറുപ്പിന് ജന്മം നല്‍കിയ പ്രദേശമാണിത്. മനുഷ്യ സ്നേഹികള്‍, മഗധയുടെ മകന്‍ തുടങ്ങിയ ഏതാനും പുസ്തകങ്ങളെ പ്രസിദ്ധീകൃതമായിട്ടുള്ളൂ എങ്കിലും ധാരാളം നാടകങ്ങള്‍, പടപ്പാട്ടുകള്‍, കവിതകള്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്്. പുല്ലാങ്കുഴല്‍, കവനമഞ്ജരി എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവായ കവി ചെറുവണ്ണൂര്‍ പി.നാരായണന്‍ നായര്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. പ്രശസ്ത കലാകാരന്‍ കൊഴക്കോടന്‍ നാരായണന്‍ നായര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് നിവാസിയായിരുന്നു. നാടന്‍പാട്ടുകള്‍ കൊണ്ട് സമ്പന്നമായ പ്രദേശമാണ് ചെറുവണ്ണൂര്‍.